നിത്യായനം

ഫെബ്രുവരി 20, 2007

മഹാന്‍മാര്‍ പറയുന്നതും മണ്ടന്‍മാര്‍ കേള്‍ക്കുന്നതും

Filed under: തരംതിരിക്കാത്ത — nithyan @ 10:03 am

തോക്കെടുത്തവന്‍ കൊലവിളി നടത്തുന്നത്‌ സ്വാഭാവികം. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ വാഴക്കൈ ഒടിയുമ്പോള്‍ ശ്വാസം പോവുന്നവരാണ്‌ കൊലവിളി നടത്തുക. ജീവിതത്തില്‍ തോക്കു കണ്ടിട്ടില്ലാത്തവരും തോക്കെന്നുകേട്ടാല്‍ പിന്നെ മൂത്രനാഡിയുടെ ടാപ്പ്‌തന്നെ തെറിച്ചുപോകുന്നവരും അതില്‍ അണിചേരുകയുമാണ്‌ പതിവ്‌.

ദൃശ്യമാദ്ധ്യമങ്ങളിലെ പിണറായിയുടെ ഫോട്ടോയോടൊപ്പം ഒരു റിവോള്‍വറിന്റെ ചിത്രം കൂടിച്ചേര്‍ത്തുകൊണ്ട്‌ ചാനലുകാര്‍ ആഘോഷിച്ചു. വിലക്കയറ്റവും എ.ഡി.ബിയും ലാവ്‌ലിനും പഴയ പന്നിയെ അനുകരിച്ച്‌ കുന്നുകയറി. നായും കുറുക്കനും അടിച്ചു പന്നി കുന്നുകയറി എന്നല്ലേ പ്രമാണം.

റിവോള്‍വര്‍ സഹിതമുള്ള പിണറായിയുടെ തല കണ്ടപ്പോള്‍ ഞെട്ടിപ്പോയവര്‍ ചില്ലറയൊന്നുമല്ല. ഞങ്ങളിനിയെന്തിന്‌ ജീവിക്കണം എന്നുംപറഞ്ഞ്‌ ബോംബെയിലൊക്കെയുള്ള മഹാന്മാരായ ആളുകള്‍ സ്വന്തം നെഞ്ചിലേക്ക്‌ പിടിച്ചിട്ടുണ്ടാവണം. സുരക്ഷിതരായി ഗള്‍ഫിലും പാക്കിസ്ഥാനിലുമൊക്കെയുള്ളവര്‍ ഗാന്ധിമാര്‍ഗത്തില്‍ ചരിക്കുവാനും തീരുമാനിച്ചിട്ടുണ്ടാവണം.

ചെറ്റപ്പുരയില്‍ തളര്‍ന്നുകിടന്നുറങ്ങുന്ന ദരിദ്രവാസിയെ വലിച്ചുപുറത്തിട്ട്‌ പാര്‍ട്‌സ്‌ പാര്‍ട്‌സാക്കി വിപ്ലവം നടത്തുന്നവര്‍ കിട്ടിയ ചുമരിലെല്ലാം വരച്ചുവെക്കുന്ന ഒരു ചിത്രമുണ്ട്‌ – ലോകം കണ്ട എക്കാലത്തെയും മഹാനായ വിപ്ലവകാരി ഏണസ്‌റ്റോ ചെ ഗുവേറ. കുരുടന്‍ ആനയെപരിചയപ്പെട്ടതുപോലെ കേരളത്തിലെ വിപ്ലവകാരികള്‍ക്ക്‌ ചിരപരിചിതനായ ചെ. ചെയുടെ പ്രതിരൂപമായി ഇപ്പോള്‍ പിണറായി.

ഇതിനുമുമ്പ്‌്‌ ആരെല്ലാം വിമാനത്താവളത്തില്‍ ലോകസമാധാനത്തിന്റെ ഐശ്വര്യമുള്ള ഈ ആയുധവും അതില്‍ നിന്നും ബഹിര്‍ഗമിക്കേണ്ടുന്ന സന്ദേശങ്ങളുടെ തിരമാലകളുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. പിടിക്കപ്പെട്ടിട്ടുണ്ട്‌.

ദേവഗൗഡരുടെ പഴയ ഉയിര്‍തോഴന്‍ ഇബ്രാഹിം മുതല്‍ ഇങ്ങ്‌ കേരളത്തിലെ സ്‌മാരകശിലകളുടെ അവകാശി പുനത്തില്‍ കുഞ്ഞബ്ദുള്ള വരെ. കലാപകാരന്‍മാര്‍ മുതല്‍ കലാകാരന്‍മാര്‍ വരെ സാഷ്യലിസം യാഥാര്‍ത്ഥ്യമാക്കി തോക്കുമെടുത്തുനടക്കുന്നു.

പിണറായിയുടെ കൈയ്യിലാണെങ്കില്‍ തോക്കില്ലാ ഉണ്ടമാത്രം. തോക്കില്ലാ ഉണ്ടയും ഉണ്ടയില്ലാ തോക്കും ഇരട്ടപെട്ട സഹോദരന്‍മാരാണ്‌. തികച്ചും നിരുപദ്രവകാരികള്‍.

തോക്കില്ലാ ഉണ്ട എന്നുപറഞ്ഞാല്‍ കമ്മ്യൂണിസം വിത്തൗട്ട്‌ ഏകാധിപത്യം. യാതൊരു പ്രയോജനവുമില്ല. കേരളത്തിലെ പോലെതന്നെ. ആചാര്യന്‍മാര്‍ക്കൊരു വിപ്ലവം നടത്തണമെന്നുതോന്നിയാല്‍ അംശം അധികാരിയുടെ സര്‍ട്ടിഫിക്കറ്റും പോലീസ്‌ പെര്‍മിഷനും വേണ്ടുന്ന അവസ്ഥ. ആ അവസ്ഥയെ പ്രതീകാത്മകമായി കാണിക്കുകയാണ്‌ പിണറായി ചെയ്‌തത്‌.

ഒരാള്‍ വിപ്ലവകാരിയായി ജനിച്ചുപോയതുകൊണ്ട്‌ പോസ്‌റ്റ്‌മോഡേണ്‍ കലാകാരനായിക്കൂടെന്ന്‌ ഏതെങ്കിലും ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ടോ? അങ്ങിനെയുള്ള ഒരാളെ കിട്ടിയതുതന്നെ ഭാഗ്യം. ടോര്‍ച്ചില്‍ ബാറ്ററികയറ്റുന്നതുപോലെ നാലവാര്‍ഡുകള്‍ താമസംവിനാ കൊടുക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ നിര്‍ത്തിപ്പൊരിക്കുകയല്ല.

കമ്മ്യൂണിസ്റ്റുകാര്‍ക്കെന്തിനാണ്‌ തോക്ക്‌ എന്നാണിപ്പോഴത്തെ ചോദ്യം. കാണുന്നവരെല്ലാം കമ്മ്യൂണിസ്റ്റുകാരാണെങ്കില്‍ വിപ്ലവമില്ലാതെ തന്നെ നാട്‌ നന്നായേനെ എന്നതുവേറെ കാര്യം.

എന്തായാലും തോക്കുകൊണ്ടല്ലാതെ പിന്നെ വിപ്ലവം നടത്തുക നാക്കുകൊണ്ടാണോ? പണ്ട്‌ റഷ്യന്‍ വിപ്ലവം നടക്കുമ്പോള്‍ വിപ്ലവകാരികള്‍ ചിന്ന ചിന്ന സംശയങ്ങളുമായി ട്രോട്‌സ്‌കിയുടെ അടുത്തെത്തിയിരുന്നു. ഒറ്റ മറുപടിയാണ്‌ ട്രോട്‌സ്‌കി കൊടുത്തത്‌ – “വാക്കുകള്‍ പരാജയപ്പെടുന്നിടത്ത്‌ തോക്കുകള്‍ ഉപയോഗിക്കൂ”. ട്രോട്‌സ്‌കിക്കുമുന്നില്‍ വാക്കുകള്‍ പരാജയപ്പെട്ടപ്പോള്‍ സ്‌റ്റാലിന്‍ എടുപ്പിച്ചത്‌ത്‌ മഴുവായിരുന്നുവെന്നത്‌ വേറൊരു സത്യം.

മഹാന്‍മാര്‍ ഒന്നുപറയും മണ്ടന്‍മാര്‍ വേറൊന്ന്‌ കേള്‍ക്കും. അതാണ്‌ ചരിത്രത്തിന്റെ പരാജയം. ചരിത്രപുരുഷന്‍മാരുടെയും. `വാക്കുകള്‍ പരാജയപ്പെടുന്നിടത്ത്‌ തോക്കുകള്‍ ഉപയോഗിക്കൂ` എന്നത്‌ ഇവിടെ വരുമ്പോഴേക്കും ചുരുങ്ങിയത്‌ പറഞ്ഞാല്‍ കേള്‍ക്കാത്തോന്റെ കാലടിച്ചാട്ടണം എന്നായി. അപ്പോള്‍ തോക്കുമാത്രമല്ല മിസൈലും വേണ്ടിവന്നെന്നിരിക്കും.

പണ്ട്‌ നമ്മുടെ ശത്രു മലേറിയയും വസൂരിയും പ്ലേഗുമായിരുന്നു. പാമ്പും പേപ്പട്ടിയുമായിരുന്നു. കണ്ണിലെ കൃഷ്‌ണമണിപോലെ കര്‍ഷകരും തൊഴിലാളികളും നേതാവിനെ സംരക്ഷിക്കുമായിരുന്നു.

കാലം മാറി. കഥ മാറി. വര്‍ഗശത്രു മിത്രമായി ഭവിച്ചപ്പോള്‍ വര്‍ഗംതന്നെ ശത്രുവായി മാറുന്നത്‌ സ്വാഭാവികം. വെള്ളത്തിലെ മീനിനെപ്പോലെയായിരിക്കണം ജനങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസ്‌റ്റുകാരന്‍ എന്നാണ്‌ ഹോചിമിന്റെ പ്രസിദ്ധമായ വാചകം. അതിവിടെയെത്തുമ്പോഴേക്കും വെള്ളത്തിലെ സ്രാവിനെപ്പോലെയായിരിക്കണം കമ്മ്യൂണിസ്‌റ്റുകാര്‍ എന്നായില്ലെങ്കിലേ അത്ഭുതമുള്ളൂ. ലാല്‍സലാം.

ഫെബ്രുവരി 15, 2007

സമ്പാദിക്കൂ ടാക്‌സൊഴിവാക്കൂ

Filed under: തരംതിരിക്കാത്ത — nithyan @ 11:32 am

വന്ന വരുമാനം മൊത്തമായും ചില്ലറയായും ലൂട്ടിമസ്സാക്കി കൊല്ലത്തില്‍ മുന്നൂറ്റിയറുപത്തിയഞ്ചും പിന്നെയൊരു കാല്‍ ദിനവും കൂടി മനസ്സമാധാനത്തോടെ ഉറങ്ങുന്നവനാണ്‌ ഈയുള്ളവന്‍.

അങ്ങിനെ മാസാമാസം കൃത്യമായും കൈയ്യില്‍ വരുന്ന പാക്കനാരുടെ ആളെക്കൊല്ലിയെ വലിയ അത്യാപത്തൊന്നും സംഭവിക്കാതെ നിര്‍വീര്യമാക്കിയ സന്തോഷത്തില്‍ ഇരിക്കുമ്പോഴാണ്‌ അക്കൗണ്ട്‌സ്‌ ഓഫീസറുടെ വിളി വന്നത്‌.
അക്കടലാസ്‌ കിട്ടീലല്ലോ?

വരുന്ന കടലാസെല്ലാം അപ്പപ്പോള്‍ തന്നെ വന്നവഴിക്കും ചിലത്‌ ട്രാഫിക്‌ പോലീസുകാരനെപ്പോലെ മനസ്സില്‍ തോന്നിയവഴിക്കും തിരിച്ചുവിടുന്നതുകൊണ്ട്‌ ഏതുപേപ്പര്‍ എന്നു ചോദിക്കേണ്ടിവന്നു.

‌നിങ്ങളുടെ ഇന്‍കം ടാക്‌സിന്റെ പേപ്പറേ?
എനിക്കോ? ഇന്‍കം ടാക്‌സോ? എന്നുതിരിച്ചുചോദിച്ചു.

എട്ടായിരത്തി എത്രക്കോ മുകളില്‍ ഗ്രോസ്‌ സാലറിയുണ്ടല്ലോ നിങ്ങള്‍ക്ക്‌. എന്നാല്‍ പറയ്‌ കൂട്ടിനോക്കാം? എന്നു മറുതലശബ്‌ദം.

എല്‍.ഐ.സി.യിലെത്ര അടക്കുന്നു??
കൃത്യമായൂം 478 രൂപ

പിന്നെയെന്താണ്‌ സമ്പാദ്യം??
കുച്ച്‌ നഹി.

കീബോര്‍ഡില്‍ വിരലമര്‍ന്നതിന്റെ റിസല്‍ട്ട്‌ ഫോണിലൂടെ വന്നു. ?മാര്‍ച്ച്‌ 25നുള്ളില്‍ 10000 രൂപ എന്‍.എസ്‌.സിയില്‍ നിക്ഷേപിക്കണം. അല്ലെങ്കില്‍ നികുതി പിടിക്കും.?

സന്തോഷം. ഒരു ബീഡിക്കിരക്കുന്നതിന്‌ ലോകാംഗീകാരമുണ്ട്‌. 10000 രൂപക്ക്‌ ഇരന്നുനടക്കുന്നതിലും ഭേദം എന്തുകൊണ്ടും മാനം മര്യാദയായി നികുതിയടക്കുന്നതുതന്നെയല്ലേ. എന്നാലും എന്തോ ഒരു ദഹനക്കേട്‌.

കിട്ടിയതൊന്നും ഭഗവതിയുടെ ഉണ്ണിയപ്പം പോലെ ബാക്കിയായ ഒരു ചരിത്രമില്ല. ഉണ്ണിയപ്പം ബാക്കിയായാല്‍ ഭഗവതിക്കാണ്‌ അതിന്റെ കുറച്ചില്‍. ഉണ്ണിയപ്പം കാശാക്കി ഭഗവതി ബാങ്കിലിടാറുമില്ല.

അതൊക്കെ ആലോചിച്ച്‌ മനസ്സമാധാനത്തോടെ ചിരിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ നമ്മുടെ സീനിയറിന്റെ വരവ്‌. അക്കൗണ്ട്‌സില്‍ പേപ്പര്‍ കൊടുത്തു. ഭാഗ്യത്തിന്‌ രക്ഷപ്പെട്ടു.

നമ്മളെക്കാളും മാസത്തില്‍ 3000 കൂടുതല്‍ എണ്ണിവാങ്ങിയിട്ടും ടാക്‌സില്ല. വാഴ്‌ത്തപ്പെട്ടവന്‍. നീതാന്റ്‌റാ ഭാരതീയന്‍ എന്നുപറഞ്ഞ്‌ അഭിനന്ദിക്കണമെന്നുതോന്നി.

മൂപ്പര്‍ തുടര്‍ന്നു. ഹൗസിങ്‌ ലോണ്‍ എടുത്തതുകൊണ്ട്‌ ഞമ്മക്ക്‌ ടാക്‌സ്‌ അടക്കേണ്ട കാര്യമില്ല. പിന്നെ ലേശം അരിഷ്‌ടിച്ച്‌ വച്ചതുകൊണ്ട്‌ എന്‍.എസീലും കൊറച്ചിടാന്‍ പറ്റി ഇക്കൊല്ലം.

കിട്ടിയത്‌ മൊത്തം സമ്പാദ്യമാക്കി. സ്വന്തമായി പറമ്പായി. വീടും വെച്ചു. അതുകൊണ്ട്‌ സര്‍ക്കാര്‍ മൂപ്പരെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇന്‍കം ടാക്‌സിന്‌ വീരസ്വര്‍ഗവും.

നമുക്കും കിട്ടി ജനത്തിന്റെ നികുതിപ്പണം. അതില്‍ ഒരു ചില്ലിക്കാശ്‌ ബാക്കി വെക്കാതെ ജനത്തിനുതന്നെ തിരിച്ചുകൊടുത്തു. ബാക്കി കടവും പറഞ്ഞു.

ഊരുചുറ്റിയ വകയില്‍ 20% കുടുംബം നോക്കിയ വകയില്‍ 40% പൊതുജനം റസീറ്റുമൂറിച്ചും അല്ലാതെയും പിരിച്ചവകയില്‍ 10% ബാക്കി അലവലാതിത്തരങ്ങള്‍ക്കായി ഒരു 30%. അലവലാതിത്തരങ്ങളില്‍ പെടാത്തത്‌ കടമായി രൂപാന്തരം പ്രാപിച്ചത്‌ കൃത്യം 36000രൂപ. അതുതിരിച്ച്‌ നമുക്കല്ലേ സര്‍ തരേണ്ടത്‌? ഏതുകോടതിയിലും തെളിയിക്കാവുന്ന നഗ്നസത്യം.

വകുപ്പുതന്നെ ഒരു വിശ്വാസത്തിന്റെ പുറത്തല്ലേ സര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. സത്യവും വിശ്വസവും രണ്ടാണുതാനും. അമ്മ സത്യവും അച്ഛന്‍ വിശ്വാസവും എന്നപോലെ. വിശ്വാസം എപ്പോഴും സത്യമാവണമെന്നില്ല.

പൂര്‍വ്വാശ്രമത്തില്‍ നാലെണക്ക്‌ ഗതിയില്ലാതിരുന്നവര്‍ പലരും നിസ്വാര്‍ത്ഥ ജനസേവനം നടത്തി കോടികളുണ്ടാക്കിയെന്നത്‌ സത്യം. ഇല്ലായെന്നത്‌ വിശ്വാസവും. വിശ്വാസത്തിന്റെ പുറത്തല്ലേ സര്‍ അവര്‍ റോഡിലിറങ്ങി നടക്കുന്നത്‌.

ചണ്ടി അടിച്ചുകൂട്ടുന്നത്‌ തീ കായുവാനാണെന്നത്‌ സത്യം. അപ്പോള്‍ തീര്‍ച്ചയായും അവശേഷിക്കുക വെണ്ണീറായിരിക്കും. രാസമാറ്റം. ചണ്ടി വെണ്ണീറാവുകയല്ലാതെ വെണ്ണീര്‍ ചണ്ടിയായ ചരിത്രമില്ല. ശമ്പളം എന്‍.എസ്‌.സിയായതും വീടായതും പറമ്പായതും തികച്ചും ഭൗതീകമാറ്റമല്ലേ സര്‍? അതില്‍നിന്നുമുള്ള വരുമാനം കൊണ്ട്‌ നികുതിയടക്കാവുന്നതല്ലേയുള്ളൂ.

ഫെബ്രുവരി 13, 2007

വ്യാപാരമേ ഹനനമാം……..

Filed under: തരംതിരിക്കാത്ത — nithyan @ 5:33 am

മനുഷ്യന്റെ തലയുടെ വില കുത്തനെ ഇടിയുന്നുണ്ടെങ്കിലും സസ്യലതാദികളുടെ വില തിരിഞ്ഞുനോക്കാതെ മേലോട്ടു പോകുന്നതാണ്‌ ഒരാശ്വാസം. മനുഷ്യനില്ലെങ്കിലും വില പച്ചക്കറിക്കുണ്ടല്ലോ?

കേരളത്തിലെ ആളുകളുടെ തലക്ക്‌്‌ താങ്ങുവില നിശ്ചയിക്കണമെന്ന ഒരഭിപ്രായം പൊതുവിലുണ്ട്‌. കേരളത്തിലെ തേങ്ങയെ എണ്ണക്കുരുവാക്കണമെന്നും ചക്കയെ ദേശീയഫലമാക്കണമെന്നും അതിനെല്ലാം തറവില നിശ്ചയിക്കണമെന്നുമാണ്‌.

അങ്ങുനിന്നുമിങ്ങോട്ടുവരുന്നതിനൊന്നും ഇത്‌‌ ബാധകവുമാവരുത്‌ എന്നതാണ്‌ നമ്മുടെ ആശയും അഭിലാഷവും. ഇതെല്ലാം തല്‌ക്കാലം മാറ്റിവെക്കുക.

എലിബാണം മേലോട്ടുപോവുകയല്ലാതെ താഴോട്ടുവരുന്ന ഒരു പ്രതിഭാസമില്ല. സാധനവിലയും അങ്ങിനെയാണ്‌. പച്ചക്കറിവില കൂടിയാല്‍ ഹോട്ടലുകാര്‍ വിലകയറ്റും. ഒരു തക്കാളിക്ക്‌ രണ്ടുരളുക്കിഴങ്ങും നാലുള്ളിയും ഫ്രീയായി കൊടുത്താലും സമൂസക്ക്‌ നാലണ കുറയുന്ന ഒരു സമ്പ്രദായം തല്‌ക്കാലം പ്രചാരത്തിലില്ല.

കേരളത്തില്‍ ഇപ്പോഴും ഈ പച്ചക്കറിയാകെ ഉണ്ടാക്കി എത്തിക്കുന്ന തമിഴന്‌ രണ്ടുകോണകം ഒന്നായി വാങ്ങുവാനുള്ള ഗതി അന്നുമില്ല ഇന്നുമില്ല.

ഒരുകിലോ തക്കാളിക്ക്‌ കേരളത്തിലെ ആര്യഗോത്രക്കാര്‍ മുപ്പതു സ്വര്‍ണനാണയങ്ങള്‍ നല്‌കിയാലും തമിഴകത്തെ നട്ടുനനച്ച ദ്രാവിഡന്‌ തടയുക 30 വെള്ളിക്കാശായിരിക്കും. മുല്ലപ്പെരിയാറിലെ വെള്ളം കട്ടു എന്നൊരു ദുഷ്‌പേര്‌ ഫ്രീയും.

അപ്പോള്‍ ഈ വില ആരാണ്‌ വര്‍ദ്ദിപ്പിച്ചത്‌? അല്ലെങ്കില്‍ ആരായിരിക്കണം ?

തീര്‍ച്ചയായും വ്യാപാരികളാണെന്ന്‌ ഈയുള്ളവന്‍ പറയുന്നില്ല. അവര്‍ സത്യസന്ധന്‍മാരാണ്‌. ഹരിശ്ചന്ദ്രന്റെ നേരവകാശികള്‍. ഒരോ അഞ്ചുകൊല്ലത്തേക്കും കേരളഭരണം പാട്ടത്തിനെടുക്കുന്ന എല്‍.യൂ.ഡി.എഫുകാര്‍ക്കൊക്കെ നന്നായി അറിവുള്ള സംഗതിയുമാണ്‌.

പൂര്‍വ്വാശ്രമത്തിലെ കാട്ടുകള്ളന്‍മാര്‍ വരെ കേരളത്തിന്റെ മണ്ണില്‍ കാലുകുത്തിയാല്‍ മതി. ഈ പവിത്രമായ മണ്ണ്‌ അവരെ ഹരിശ്ചന്ദ്രന്‍മാരാക്കി മാറ്റും. കേരളം അങ്ങിനെയാണ്‌.

പണ്ട്‌ കടല്‍ക്കൊള്ളക്കാരനായ ഗാമ മുതല്‍ ഇപ്പോള്‍ കാലുമാത്രമല്ല തലയും കുത്തിനില്‍ക്കുന്ന എ.ഡി.ബിക്കാര്‍ വരെ ഉദാഹരണമായുണ്ട്‌. കൊള്ളക്കാരന്‌ ആരെങ്കിലും സ്‌മാരകം പണിയുമോ? ഇല്ല. മഹാനായ ഗാമക്കിവിടെ സ്‌മാരകമില്ലേ? കോഴിക്കോട്ട്‌ ഇന്നത്തെ മഹാന്‍മാരും നാളെ മഹാന്‍മാരാകേണ്ടവരും ഇരുന്ന്‌ രാജ്യത്തെ നേരായ പാതയിലേക്ക്‌ പലപ്പോഴും നയിക്കുന്നത്‌ ടാജിലെ വാസ്‌കോഡഗാമാ ഹാളിലിരുന്നിട്ടാണ്‌. ആ ഗാമ കച്ചവടക്കാരനായിരുന്നില്ലേ. പഴയ സാമൂതിരിയുടെ സാമ്രാജ്യം കുളംതോണ്ടിയതിനുള്ള ബഹുമതിയല്ലേ കിട്ടിയത്‌. കുഞ്ഞാലിമരയ്‌ക്കാറുടെ കുടില്‌ സംരക്ഷിക്കാനാളില്ലാതെ പോയതുപോലെയാണോ? കേരളം അങ്ങിനെയാണ്‌.

ഇപ്പോള്‍ എ.ഡ.ബിക്കാര്‍. കംപ്ലീറ്റ്‌ വ്യവസ്ഥകളുടെ എന്‍.എച്ച്‌. 47 ന്റെ നീളം വരുന്ന ചാര്‍ട്ടാണ്‌ ഡി.വൈ.എഫ്‌ ഐ യുടെ പേരുകേട്ടപ്പോള്‍ തന്നെ കത്തിച്ച്‌ ഭസ്‌്‌മം ഭാരതപ്പുഴയിലൊഴുക്കിയത്‌. കേരളം അങ്ങിനെയാണ്‌.

അതുകൊണ്ടുതന്നെ ഈ ഹരിശ്ചന്ദ്രന്‍മാരെ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന വേതാളങ്ങളാവരുത്‌ ഉദ്യോഗസ്ഥന്‍മാര്‍ എന്ന സമീപനം എത്രയും ശ്ലാഘനീയം.

എല്ലാ പട്ടിയും പേപ്പട്ടിയല്ല. എന്നാല്‍ എല്ലാ പേപ്പട്ടിയും പട്ടിയാണ്‌ താനും. അതുകൊണ്ട്‌ യഥാര്‍ത്ഥ വിവരം കിട്ടിയാല്‍ ചില്ലറ പ്രഹസനം (അംഗ്രേസിയില്‍ ഇതിന്‌ റെയ്‌്‌ഡ്‌ എന്നുപറയും) ആവാമെന്നും സങ്കീര്‍ത്തനങ്ങളില്‍ പറയുന്നുണ്ട്‌.

`യഥാര്‍ത്ഥ വിവരം` കിട്ടുകയാണ്‌ പിന്നത്തെ പ്രശ്‌നം. അബന്ധത്തില്‍ റെയ്‌്‌ഡ്‌ നടത്തി പണ്ട്‌ മത്തായി പള്ളീലച്ചനോട്‌ പറഞ്ഞതുപോലെ വല്ലതും സംഭവിച്ചാല്‍ ആരായിരിക്കും ഉത്തരവാദികള്‍.

അച്ചന്‍ മത്തായിയോടു ചോദിച്ചു. `മത്തായീ നീ മദ്യപിച്ചിട്ടുണ്ടോ?`
മത്തായി: `കര്‍ത്താവേ വെള്ളം നീ വീണ്ടും വീഞ്ഞാക്കിയോ? അദ്‌ഭുതം കര്‍ത്താവ്‌ വീണ്ടും പ്രവര്‍ത്തിച്ചൂന്നാച്ചോ തോന്ന്‌ണേ`

വെള്ളം വീഞ്ഞാക്കുവാനേ കര്‍ത്താവിനെക്കൊണ്ടുപറ്റിയിട്ടുള്ളൂ. വീഞ്ഞുമൊത്തം വെള്ളമാക്കിമാറ്റി കര്‍ത്താവിനെ സൈഡാക്കിയതിന്റെ പേറ്റന്റ്‌ വ്യാപാരികള്‍ക്കാണ്‌.

വ്യാപാരികള്‍ പാവപ്പെട്ടവരാണെന്നുള്ളതിന്‌ ഒരുപാട്‌ തെളിവുകളുണ്ട്‌. ഉടുതുണിക്ക്‌ മറുതുണിയുള്ളവനാണെങ്കില്‍ ഹരിശ്ച്‌ന്ദ്രന്‍ നികുതി അടക്കാതിരിക്കുമോ? കണക്കുപ്രകാരം അടക്കാനുള്ള ആനയുടെ വാലുമാത്രം പിരിച്ചാല്‍ മതി ആയിരം കോടിക്കൊരു മുടക്കവുമില്ല.

വ്യാപാരികള്‍ സത്യസന്ധന്‍മാരായതുകൊണ്ട്‌ തീര്‍ച്ചയായും ഈ കണക്കുപുസ്‌തകം കൈയ്യിലുള്ളവരായിരിക്കണം കള്ളന്‍മാര്‍ അല്ലെങ്കില്‍ ചുരുങ്ങിയത്‌്‌ അവര്‍ക്കു കഞ്ഞിവെക്കുന്നവര്‍.

പാമ്പാട്ടിയും പാമ്പൂം പോലെയാണ്‌ ഭരണവും വ്യാപാരവും. അസോസിയേഷന്‍ എന്ന മകുടിയിലൂടെ വ്യാപാരികള്‍ തലയാട്ടി ഊതും. ഊമയും ബധിരനും സര്‍വ്വോപരി വായതുന്നിക്കെട്ടിയതുമായി നാഗരാജന്‍ ആടിത്തിമര്‍ക്കും. പിന്നെ പുറം ലോകം കാണാത്ത കൂട്ടയ്‌്‌ക്കകത്ത്‌ കയറിക്കിടന്നുകൊള്ളും.

സ്വര്‍ണക്കടക്കാരാണ്‌ ഏറ്റവും സത്യസന്ധര്‍. ഒരു ദിവസത്തെ ഒരൂ കടയിലെ ശരാശരി വില്‌പന ഒരു പവനാണ്‌. ഈ ഒരു പവന്‍ വിറ്റിട്ടുവേണം ജനകോടികളുടെ വിശ്വെശ്‌ത്ഥ ശ്‌ഥാപനക്കാര്‍ക്കും മറ്റും കഞ്ഞികുടിക്കാന്‍. ടെന്നീസ്‌ സുന്ദരിക്കും സിനിമാസുന്ദരന്‍മാര്‍ക്കും നാണം മറക്കുവാനും.

കൃഷിഭൂമി കുറഞ്ഞുവരുന്നു. ഉല്‌പാദനവും കുറഞ്ഞുവരുന്നു. രേഖകളിലെ കൃഷിക്കാരുടെ എണ്ണത്തിനുമാത്രം വലിയ കുറവൊന്നുമില്ല.

എല്ലാവരും കൂടി സഹകരിച്ചാണ്‌ കേരളത്തില്‍ എപ്പോഴും നിയമത്തെ അതിന്റെ വഴിക്ക്‌ നടത്തുവാന്‍ സഹായിക്കുക. പതറിവീഴാതെ കുത്തിനടക്കുവാന്‍ വടി, തലചായ്‌ക്കുവാന്‍ കല്ല്‌ തുടങ്ങിയ സാമഗ്രികള്‍ എടുത്തുകൊടുക്കേണ്ട ചുമതല യുവജനവിഭാഗങ്ങളുടേതാണ്‌. എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം കൊണ്ട്‌ കൃഷി തിരിഞ്ഞുനോക്കാതെ നടന്നു. പാടം നികന്നു മണിസൗധങ്ങളായി. പാര്‍ട്ടി ആഫീസുകളായി. പെട്രോള്‍ പമ്പുകളായി.

ചുരുക്കിപ്പറഞ്ഞാല്‍ കൊടികെട്ടാനുള്ള വടി കായ്‌ക്കുന്ന മരങ്ങള്‍ മാത്രം നാട്ടില്‍ കൃഷിചെയ്‌താല്‍ മതി. പപ്പായ മരത്തോടും വിരോധമില്ല. അത്യാവശ്യം പന്തം കൊളുത്തി പ്രകടനം നടത്താന്‍ ഉപകരിക്കും. അതിന്റെ കൈയില്‍ എണ്ണയൊഴിച്ച്‌ അറ്റത്ത്‌ ചേരിനിറച്ചടച്ച്‌ ഇരുട്ടത്ത്‌‌ തീക്കൊടുത്താല്‍ ചുരുങ്ങിയത്‌ അപ്രദേശത്തെ ആളുകള്‍ ബോധവല്‌ക്കരിക്കപ്പെടുന്നതാണ്‌. അതായത്‌ ശരിയായ ബോധിവൃക്ഷം. അതുകൊണ്ട്‌ ഇത്‌ രണ്ടും മാത്രം മതി. ബാക്കിയെല്ലാം തമിഴകത്തെ കോണകവാലകള്‍ ഇങ്ങോട്ടയച്ചുകൊള്ളും.

ഇപ്പോഴും ഇവിടെ കാര്‍ഷികസര്‍വ്വകലാശാല എന്നൊന്നുണ്ട്‌. വെറും കാര്‍ഷികം മാത്രം പഠിപ്പിക്കുകയാണെങ്കില്‍ പിന്നെന്തിന്‌ സര്‍വ്വകലാശാല എന്നുപറയണം. അതുകൊണ്ട്‌ പുതിയ സിലബസ്സില്‍ ‘ക്രമക്കേടു’ കൂടി ഉള്‍പ്പെടുത്തി സംഗതി വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. കാര്‍ഷികത്തിനുപകരം നാളെ ക്രമക്കേടുകലാശാല എന്നറിയപ്പെട്ടാലും അദ്‌ഭുതപ്പെടുവാനൊന്നുമില്ല. കൊള്ളിവെപ്പും കൃഷിയാണല്ലോ. കാര്‍ഷികകേരളം മുന്നോട്ടുതന്നെ നടക്കട്ടെ. കല്ലും വടിയുമായി നേരെനടത്താന്‍ നമ്മള്‍ പിന്നിലും.

വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
കഴുകനെന്നും ബത കപോതമെന്നും. (ആശാന്‍)

Create a free website or blog at WordPress.com.