നിത്യായനം

ജനുവരി 18, 2007

ഭരണകൂടം കൊഴിഞ്ഞുവീഴുന്നതിന്റെ ഒന്നാം ഘട്ടം

Filed under: തരംതിരിക്കാത്ത — nithyan @ 12:43 pm

മലയാളസാഹിത്യം ഒരുപാട് ന്യായങ്ങള്‍ കൊണ്ട് ഇപ്പോള്‍ത്തന്നെ സമ്പന്നമാണ്. ശുനക പുച്ഛന്യായം, താഡിബീഡിന്യായം തുടങ്ങിയ ന്യായങ്ങളുടെ പട്ടികയില്‍ ഒന്നുകൂടിലാവ്ലിന്‍ ന്യായം.

രാജ്യത്തിന്റെ ഗ്രവിമാണ് പാര്‍ട്ടിയുടെ ലക്ഷ്യം. സാമ്പത്തീകം മാത്രമല്ല സാഹിത്യവും അഭിവൃദ്ധിപ്പെടണം. അതുകൊണ്ടു ഒരു ചെറിയ സംഭാവന മലയാള സാഹിത്യത്തിനും കൊടുത്തു.യുഡിഎഫ് ആദ്യം കരാറില്‍ ഒപ്പിട്ടു. അതുകൊണ്ട് എല്‍.ഡി.എഫിനു പിന്‍മാറാന്‍ പറ്റിയില്ല. സായിപ്പ് വരച്ചുകൊടുത്തിടത്തൊക്കെ കാപ്പിരിമാരും വരച്ചു. കരാറുകാര്യം അങ്ങിനെയാണ്. യു.ഡി.എഫ് പറഞ്ഞത് എല്‍.ഡി.എഫ് നടപ്പിലാക്കും.

യു.ഡി.എഫ് പിന്നീട് വേറൊരു സംഗതി ഒപ്പിട്ടു. സി.ബി. അന്വേഷണം. അതങ്ങു പള്ളീപ്പോയി പറഞ്ഞാല്‍ മതീന്ന്‍ എല്‍.ഡി.എഫും. അതായത് കരാറില്‍ നിന്നും പിന്നോട്ടില്ല. അന്വേഷണത്തിന് മുന്നോട്ടുമില്ല.

മോഷ്ടിക്കാം അന്വേഷിക്കരുത്. ന്യായമാണ് ചരിത്രത്തില്‍ നാളെ ലാവ്ലിന്‍ ന്യായം എന്നറിയപ്പെടുക.

കേരളത്തിലെ സകലമാന മാര്‍ക്സിസ്റ്റുകാര്‍ക്കും പ്രബുദ്ധരായ മറ്റു ചില്ലറ ആളുകള്‍ക്കും വളരെ വ്യക്തമായും ശക്തമായും അറിയാവുന്ന കാര്യമാണ് കുടുങ്ങുക കടവുള്‍ ശിവദാസനും കാര്‍ത്തികേയനുമാണെന്ന വസ്തുത.

വിപ്ലവകാരികളെ സംശയിക്കുന്നവരുടെ തലയ്ക്കാണ് തകരാര്‍. അതുകൊണ്ടാണ് പ്രപഞ്ചസത്യം പിണറായി ഫയലില്‍ തന്നെ എഴുതിവെച്ചത്. പദ്ധതിയെ എതിര്‍ത്ത വരദാചാരിക്ക് മറുപടിയായി സഖാവു എഴുതിയത് മഹാസത്യമായിരുന്നു – “നിങ്ങളുടെ തലയാണ് പരിശോധിക്കേണ്ടത്“.

വിപ്ലവകാരികളുടെ കരങ്ങള്‍ എപ്പോഴും പരിശുദ്ധമായിരിക്കുന്നതുകൊണ്ടു മഹാനായ അലക്സാണ്ടറുടെ അവസ്ഥ സംജാതമാവുകയില്ല.ലോകം വെട്ടിപ്പിടിച്ച അലക്സാണ്ടറുടെ അവസാനത്തെ ഒരേയൊരാഗ്രഹം തന്റെ ഇരുകൈകളും കുഴിയില്‍ മലര്‍ത്തിവെക്കണമെന്നതു മാത്രമായിരുന്നു. ലോകം വെട്ടിപ്പിടിച്ചെടുത്ത കൈകള്‍ പരിശുദ്ധമാണെന്ന് തന്റെ ജനത കണ്ടറിയുവാന്‍ വേണ്ടി മാത്രം.ബൂ‍ര്‍ഷ്വാ അലക്സാണ്ടറുടെ ആയൊരു ഗതികേട് ഏതായാലും സഖാക്കള്‍ക്കുണ്ടാവുകയില്ല.

ജന്മനാ സത്യസന്ധന്മാരായിട്ടുകൂടി സഖാക്കള്‍ എന്തുകൊണ്ട് അന്വേഷണം വേണ്ടെന്നു പറഞ്ഞു എന്നൊരു സംശയം ചില ആളുകള്‍ക്കുണ്ട്. അക്കൂട്ടര്‍ നല്ല കമ്മ്യൂണിസ്റ്റുകാരല്ലെന്നുമാത്രമല്ല പ്രതിവിപ്ലവകാരികളായിരിക്കുകയും ചെയ്യും.

സഹജീവി സ്നേഹവും മാര്‍ക്സിസ്റ്റുകാര്‍ക്ക് ലേശം കൂടുതലാണ്. അതുകൊണ്ടുണ്ടാവുന്ന ആപത്ത് ചില്ലറയൊന്നുമല്ല. വെറുതേ കടവുളിനെയും കാര്‍ത്തികേയനേയും പിടിച്ചകത്തിടണോ?  

ഹൃദയമുള്ളവര്‍ക്കേ കമ്മ്യൂണിസ്റ്റാകാന്‍ കഴിയൂ എന്നാണ് പ്രമാണം. അതുകൊണ്ടാണ് പണ്ടേതോ കണ്ടുകൂടാത്തവന്‍ – 20ല്‍ കമ്മ്യൂണിസ്റ്റായില്ലെങ്കില്‍ നിങ്ങള്‍ക്ക് ഹൃദയമില്ല 40ല്‍ കമ്മ്യൂണിസം വിട്ടില്ലെങ്കില്‍ തലച്ചോറുമില്ലെന്ന് പറഞ്ഞത്.

ഹൃദയം പാര്‍ട്ടിയിലെ ചെറുപ്പക്കാര്‍ക്കു ആവശ്യത്തിലധികം ഉള്ളതിന്റെ തെളിവാണ് ഒരു സ്കൂള്‍ മാഷെ ക്ലാസ് റൂമില്‍ പിഞ്ചുപിള്ളേരുടെ മുന്നിലിട്ട് വെട്ടിനുറുക്കി സാമ്രാജ്യത്വആഗോള്‍വല്‍ക്കരണബൂര്‍ഷ്വാ വിരുദ്ധപ്പോരാട്ടം ശക്തിപ്പെടുത്തിയത്.

ബുദ്ധിയുണ്ടെന്നതിന്റെ തെളിവാണ് കേസിലെ പ്രതികളെല്ലാം കഴുമരത്തില്‍നിന്നും രക്ഷപ്പെട്ട് ഇപ്പോള്‍ ഫാസിസ്റ്റുവിരുദ്ധ പോരാട്ടത്തില്‍ മുഴുകിയിരിക്കുന്നത്.

ഇനി ചെയ്യാനുള്ളതിനു ബുദ്ധിതന്നെ ധാരാളമാണ്. ദില്ലിയില്‍ എല്ലാം തീരുമാനിക്കുന്ന ഒരു മാഡമുണ്ട്. മഹാത്മജിയെ ബഹുദൂരം പിന്നിലാക്കിയ ത്യാഗത്തിന്റെ വനിതാരുപം. മഹാത്മോണിയാ സന്നിദ്ധിയില്‍ നാലു തേങ്ങ കാരാട്ട് മുട്ടിയാല്‍ ഭരണകൂടം കൊഴിഞ്ഞുവീഴില്ലെങ്കിലും ലാവ്ലിന്‍ വോളിബോളിലെ തുടക്കം പോലെ ലവ്ഈച്ചാകും.

സംഘപരിവാരങ്ങള്‍ക്കും സ്തുതി. ചേകന്നൂര്‍ തിരോധാനം അന്വേഷിച്ച സി.ബി.. വീരഗാഥ മുന്നിലുണ്ട്. അവസാനം ചത്തത് സി.ബി.ഐയോ കൊല്ലപ്പെട്ടത് ചേകന്നൂരോ എന്ന് വെറ്റിലപ്രശ്നം വച്ചുനോക്കേണ്ട് ഗതിയായിരുന്നു പരിവാരങ്ങള്‍ക്ക്. സംശയമുള്ളവര്‍ പരമപൂജനീയ അടല്‍ജിയോടു തന്നെ ചോദിച്ചുനോക്കുക.

അതുകൊണ്ട് നാലുമുക്കാലുണ്ടാക്കിയ മഹാന്മാര്‍ക്കെല്ലാം മനസ്സമാധാനമായിരിക്കാം. ലാലുമതേതര പ്രതിഭയുടെ കോടികളുടെ ഉറവിടം നല്ല നാല് അകിടുകളാണെന്ന വസ്തുത ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും അംഗീകരിച്ച സ്ഥിതിക്ക് ഒന്നും ഭയക്കേണ്ടതില്ല. ഇതിത്ര നല്ല കച്ചവടമാണെങ്കില്‍ വെറ്റിലപാക്കുകടവരെ നടത്താന്‍ തയ്യാറായ അംബാനിമാരും നാരായണമൂര്‍ത്തിയുമെല്ലാം എന്തുകൊണ്ട് ഗോപാലനം തുടങ്ങുന്നില്ലെന്നു ആരും ചോദിച്ചിട്ടുമില്ല.

അതുകൊണ്ട് വിപ്ലവകാരികളാരും ടെന്‍ഷനടിക്കരുത്. ഭൂമി സൂര്യനെ ചുറ്റുന്നതുകൊണ്ടാണല്ലോ രാവും പകലും ഉണ്ടാവുന്നത്. കാരാട്ട് സോണിയയെ ചുറ്റുന്നതുകൊണ്ടാണ് ഭരണകൂടം കൊഴിഞ്ഞുവീഴാത്തതും. കൊഴിഞ്ഞുവീഴാതിരിക്കണമെങ്കില്‍ലാവ്ലിന്‍’. കൊഴിഞ്ഞുവീണാല്‍ പിന്നെന്ത് ലാവ്ലിന്‍. സഖാക്കളേ ലാത്സലാം. 

Advertisements

Create a free website or blog at WordPress.com.