നിത്യായനം

ഡിസംബര്‍ 1, 2006

മനോരമയില്‍ മാധവന്റെ മയക്കുവെടി

Filed under: Articles — nithyan @ 9:41 am

ജ്ഞാനത്തിന്റെ മിന്നലാട്ടം അരിയപെരിയെ പോവാത്തതുകൊണ്ട് എന്‍.എസ്. മാധവന്റെ ‘വെള്ളിടി‘ക്ക് ഒരു പൊയ്‌വെടിയുടെ ഫലമാണ്  ഉണ്ടാവുക.   പര്‍ദയും ജനാധിപത്യവും എന്ന പേരില്‍ ഇന്നത്തെ മനോരമയിലെഴുതിയ ലേഖനമാണ് വിഷയം.

മുഖം മറയ്ക്കുന്ന പര്‍ദ്ദയും ധരിച്ചുവന്നു 7നും 11നുമിടയിലുള്ള പിള്ളാരെ പഠിപ്പിക്കുന്നതില്‍ നിന്നും ടീച്ചറെ ഇംഗ്ലണ്ടിലെ അധികൃതര്‍ വിലക്കി.  11 വയസ്സുവരെയുള്ള പിള്ളാരുടെ മുന്‍പില്‍ മുഖം മറക്കേണ്ട കാര്യമില്ലെന്ന് ഗ്രന്ഥത്തിലുള്ളതുകൊണ്ടു ഐഷാ അസ്മിയെ പുടത്താക്കിയതില്‍ മതമേധാവികള്‍ക്കും എതിര്‍പ്പില്ല.

എന്നാല്‍ ഈ പര്‍ദ്ദക്കാര്യം ബ്രിട്ടനില്‍ പര്‍ദ്ദവിരുദ്ധവികാരം ആളിക്കത്തിച്ചു.  സംഗതി ഗുരുതരം.  എന്നെക്കാണാന്‍ വരുന്ന പെണ്ണൊരുത്തിയും മുഖം മൂടിക്കെട്ടി വരരുതെന്ന് ജാക്ക് സ് ട്രോയുടെ ഫത്വ നിലവില്‍ വന്നു.  എല്ലാം കൂടി പര്‍ദ്ദയിട്ട ബ്രിട്ടന്‍ വേണോ പര്‍ദ്ദയില്ലാത്ത ബ്രിട്ടന്‍ മതിയോ എന്ന ചര്‍ച്ച പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

അപ്പോ വെളുത്ത സായിപ്പന്മാരുടെ ചര്‍ച്ചയില്‍ കറുത്ത സായിപ്പന്മാര്‍ വലിഞ്ഞുകയറുന്നത് സ്വഭാവികം.  ബ്രഹ്മണനെപ്പൊലെയാണ് സായിപ്പും.  ജന്മം കൊണ്ടല്ല ആരും സായിപ്പാവുക കര്‍മ്മം കൊണ്ടാണ്.  അതുകൊണ്ട് ആരുമാരും മടിച്ചുനില്‍ക്കേണ്ടതില്ല.

ഒരു മുഖം ഉണ്ടാക്കിയെടുക്കുന്നതിലും  ബുദ്ധിമുട്ട് അതു മറ്റുള്ളവരില്‍ നിന്നും മറച്ചുപിടിക്കാനാണ്.  അല്ലെങ്കിലും മുഖത്തെക്കാളും ഉപകാരം മുഖമ്മൂടികൊണ്ടാണ്.

“ഒരു പരിഷ്കൃത ജനാധിപത്യ സമൂഹം അവരുടെ ഇടയില്‍ ജീവിച്ചുപോകുന്ന ഏറ്റവും ചെറിയ ന്യൂനപക്ഷങ്ങളുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും എങ്ങിനെയാണ് മാനിക്കേണ്ടതെന്ന് അമീഷുകളോട് അവിടുത്തെ കോടതിയും സര്‍ക്കാരും കാണിച്ച സഹിഷ്ണുത എനിക്കും മനസ്സിലാക്കിത്തന്നു”. മാധവന്റെ വാക്കുകള്‍.

അമേരിക്കയിലെ അമീഷുകളെങ്ങിനെയാണ് ജീവിക്കുന്നതെന്നും മാധവന്‍ സത്യസന്ധമായി  വിവരിച്ചിട്ടുണ്ട്.  അതായത് അവരുടേതായ ഒരു ലോകത്ത് അവരുടെ സ്വന്തം നിയമങ്ങള്‍ പ്രകാരം ജീവിക്കുന്നു.  സര്‍ക്കാരിന്നു അവരുമായി ഇട്പാടുകളില്ല.  അവര്‍ക്ക് സര്‍ക്കാരുമായും. 

ഹജ്ജിന് സബ്സിഡി വേണമെന്ന് ഏതെങ്കിലും അമീഷ് പറഞ്ഞതായി മാധവന്‍ കേട്ടിട്ടുണ്ടോ?  ഉന്നതവിദ്യാഭ്യാസത്തിനു സംവരണം വേണമെന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും പറയുന്നവരെ ഏതു ബുദ്ധി വച്ചിട്ടാണ് മാധവന്‍ കൊണ്ടുപോയി സര്‍ക്കാരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാത്ത അമീഷുകളുമായി തരതമ്യം ചെയ്തുകൊടുത്തത്?

അമീഷുകളോട് താരതമ്യം ചെയ്യുവാന്‍ കേരളത്തില്‍ ഒരു വിഭാഗമുണ്ടായിരുന്നു – ആദിവാസികള്‍.  അവരുടെ കാട് അവരുടെ ജീവിതരീതി. അവരെ കാട്ടില്‍ കയറി നമ്മള്‍ വെടിവെച്ചിട്ടതല്ലാതെ അവരാരെയെങ്കിലും സൂക്ഷിച്ചുനോക്കിയ ചരിത്രം പൊലുമില്ല.  അവരുടെ മണ്ണ് അവര്‍ക്കുവേണമെന്നല്ലാതെ റിസര്‍വേഷന്‍ വേണമെന്നും  പ്രത്യേക് സിവില്‍ കോഡ് വേണമെന്നും ആദിവാസി പറഞ്ഞിട്ടില്ല.

ആനയെക്കൊണ്ടുപോയി ആട്ടാലയില്‍ കെട്ടിക്കൊടുക്കന്‍ നോക്കരുത്.

Blog at WordPress.com.