നിത്യായനം

നവംബര്‍ 28, 2006

കവിത്വം അഴീക്കോടിന്റെ ദിവ്യദൃഷ്ടിയില്‍

Filed under: Articles — nithyan @ 11:40 am

സാദാ മനുഷ്യരും സംസ്കാരിക നായകരും തമ്മില്‍ അജഗജാന്തരമുണ്ടു.  സാദാമനിതന്‍ അജമാണെങ്കില്‍ സാംസ്കാരിക നായകന്‍ ഗജമാണ്‌. 

അജത്തിന്റെ പ്രയാണം അവസാനിക്കുക അറവുശാലയിലാണ്‌. ഗജത്തിന്റേത് വാരിക്കുഴിയിലും. 

അജം പോകുന്ന വഴിയേ ഗജത്തിന് ഗമിക്കാന്‍ പറ്റിയെന്നു വരില്ല. ഗജം പോകുന്ന മാര്‍ഗത്തില്‍ ചരിക്കുവാന്‍ അജത്തിനു പ്രയാസമൊട്ടില്ലതാനും.

സമൂഹത്തിന്റെ ആരോഗ്യത്തിന് അജമാംസരസായനം ഉണ്ടാക്കിക്കഴിക്കുന്ന ഒരു പതിവുണ്ട്. എന്നാല്‍ വീരപ്പസംഹിതയില്‍പ്പോലും ഗജമാംസരസായനം എന്നൊന്നിനേപ്പറ്റി പരാമര്‍ശിക്കുന്നില്ല.

ഗജം ചത്താലും ജീവിച്ചാലും രണ്ടുവെടി എന്നാണ് ചൊല്ല്. ആദ്യത്തേത് സര്‍ക്കാര്‍ മയക്കുവെടി അക്കാഡമി അവാര്‍ഡിന്റെ രൂപത്തില്‍ മസ്തകം ലക്ഷ്യമാക്കി. രണ്ടാമത്തെത് ചരിഞ്ഞാലുള്ള ആചാരവെടി.

ഈ രണ്ടുവെടിക്കുള്ള ചിലവും വഹിക്കുവാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം അജത്തിനാണ്.  മോശമില്ലാതെ ഖജനാവിലേക്കു ചുരത്തിക്കൊടുക്കണം.

അജഗജസാമ്യം എന്നുപറയുവാന്‍ ഒരൊറ്റ സംഗതിയേയുള്ളൂ. രണ്ടിന്റേയും തലയിലിരിപ്പും തലയിലെഴുത്തും. തലയില്‍ ഘനമുള്ളവരാണ് തലകുനിക്കുക. തലയിലൊന്നുമില്ലാത്തവര്‍ക്ക് ആയൊരു ഗതികേടുണ്ടാവുകയില്ല. 

തിടമ്പേന്തിയ ആന കൊന്നാലും തല കുനിക്കുകയില്ല. ഒണക്കുമത്തിപോലത്തൊരു പാപ്പാന്‍‌ പറമ്പിലുണ്ടായാല്‍‌ മതി. സംസ്കാരിക നെടുനായകത്തിടമ്പേന്തിയ തല അതുകൊണ്ടുതന്നെ താഴണമെന്നൊരഭിപ്രായം ആര്‍ക്കുമുണ്ടാവുകയില്ല.

ആ തിടമ്പുമേന്തി സാംസ്കാരിക കേരളത്തിന്റെ ചുടലയ്ക്ക് വലംവെയ്ക്കുന്ന ആ ഗജരാജനില്ലാതെ പിന്നെ മലയാളികള്‍ക്കെന്തു സാംസ്കാരികാഘോഷം.

മാഷ് ഒരു ഭാരിച്ച ഉത്തരവാദിത്വം കൂടി ഏറ്റെടുത്തിരിക്കുകയാണ്‌.  കേരളത്തിലേ മന്ത്രിമാരുടെ കലാപവാസനകള്‍ കൂലംകഷമായി പഠനവിധേയമാക്കി ആര്‍ക്കെല്ലാം കവിത്വമുണ്ട്‌ എന്നുകണ്ടെത്തുക. ആ മഹാസത്യം ലോകത്തോടു വിളിച്ചും പറയുക. എല്ലാവര്‍ക്കും അതൊന്നും പറ്റിയെന്നുവരില്ല.

മനിതരില്‍ മഹാന്മാര്‍ക്കുമാത്രമുള്ള സിദ്ധി എന്നു വേണമെങ്കില്‍ വിളിക്കാം.  അവര്‍ വാക്കിനു ചാക്കിന്റെ വിലയാണു കല്പിക്കുക.

പണ്ടു ചാണ്ടി വാഴും കാലം. അക്കാദമി ഒരു മയക്കുവെടി വെച്ചു. കൊണ്ടത് അഴീക്കോടിന്റെ മസ്തകത്തില്‍.  ചാണ്ടിയുടെ കഷ്ടകാലത്തിനു വെടിവെച്ച തോക്കിന്റെ തകരാറുകൊണ്ട്‌ ബോധം വരുമ്പോഴേക്കും മദമിളകി.

ഒരൊറ്റ അലര്‍ച്ചയാണ്‌ പിന്നെ – ചാണ്ടിയുടെ കൈയ്യില്‍ നിന്നും അവാര്‍ഡു വാങ്ങുകയില്ല. കൈകൂടാതെ മനുഷ്യനു മറ്റുചില അവയവങ്ങള്‍ കൂടിയുള്ളതുകൊണ്ട് അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല. ചാണ്ടിതന്നെ കൊടുത്തു. മാഷുതന്നെ വാങ്ങി.

വഷളത്തരാന്തം കവിത്വം എന്നാണു പ്രമാണം. ചില വിഡ്ഡികള്‍‌ ഇതു നാടകാന്തം കവിത്വം എന്നാണെന്നു തെറ്റിദ്ധരിചിട്ടുണ്ട്‌.

“വായ്ക്ക് തോന്നിയത്‌ കോതക്ക്‍ പാട്ട്‌“ എന്ന സിദ്ധാന്തം സാംസ്കാരിക കേരളത്തിനു സംഭാവന ചെയ്ത മങ്കയാണല്ലോ കോത.  അപ്പോള്‍‌ ഇനി ഒരു കോത മെമ്മോറിയല്‍ അവാര്‍ഡും കൂടി ഏര്‍പ്പെടുത്തിക്കൊടുക്കാവുന്നതേയുള്ളൂ.  “വായ്ക്ക് തോന്നിയത്‌ കോതക്ക്‍ പാട്ട്‌“ എന്ന സിദ്ധാന്തത്തിന്റെ യഥാര്‍ഥ പ്രയോക്താക്കള്‍ക്കായി.

ഈ ഭാരിച്ച ഉത്തരവാദിത്വമെല്ലാം നിര്‍വഹിച്ച് സമയം ബാക്കി പിന്നേയും കാണുകയാണെങ്കില്‍ ഒരു എളിയ നിര്‍ദ്ദേശം മാഷെ.    പ്രതിപക്ഷത്തെ ആര്‍ക്കെല്ലാം കപിത്വമുണ്ടെന്നും കൂടി കണ്ടെത്തുവാനുള്ള ഒരു എളിയ ശ്രമം കൂടി.

Advertisements

ഒരു അഭിപ്രായം ഇടൂ »

ഇതുവരെ അഭിപ്രായങ്ങള്‍ ഇല്ല.

RSS feed for comments on this post. TrackBack URI

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Blog at WordPress.com.

%d bloggers like this: